Shahzad Sharafi
——————————————————————–
മുൻഗാമികളിൽപ്പെട്ട ഒരു മഹാൻ ഇങ്ങിനെ വ്യക്തമാക്കുന്നു. : ‘അപകടകരമായ ദുഷ്‌ചെയ്‌തികൾ വരാതിരിക്കുവാൻ തികഞ്ഞ സൂക്ഷ്മത പാലിക്കുക, ദുഷിച്ച പ്രവർത്തികൾ ചെയ്തു കൊണ്ടിരുന്നാൽ പിന്നീടവ വൈകാരികാവസ്ഥ പ്രാപിക്കുന്നതാണ്. തുടർന്ന് അവ, ദൃഢമായ ശീലമായി രൂപാന്തരപ്പെടും. അവ മനസാ തടുക്കുന്നില്ലെങ്കിൽ, ജീവിതത്തിൽ അള്ളിപ്പിടിച്ച ഇത്തിക്കണ്ണി കളായിത്തീരും. ക്രമേണ ദൈനംദിന ജീവിതത്തിൽ അവ വ്യക്തമായ സ്വാധീനം ചെലുത്തും. പിന്നീടവയിൽനിന്നും മോചിത നാവാൻ സാധ്യമാകാതെവരും. ദുഷിച്ച ചിന്താമണ്‌ഡലങ്ങളിലാണ് ഇവയുടെ ബീജാവാപം നടക്കുന്നത്’.
എല്ലാ വിജ്ഞാനങ്ങളും നിലകൊള്ളുക മനസ്സിലാണ്. ആലോചനകളും, ചിന്തകളും അവിടെനിന്നാരംഭിക്കുന്നു. ചിന്തകളിൽ നിന്നും, രൂപവും നിഗമനങ്ങളും ഉരുത്തിരിയുന്നു. ഉരുത്തിരിഞ്ഞ നിഗമനങ്ങളാവട്ടെ, പിന്നീട് ഉദ്ദേശങ്ങളായി രൂപം പ്രാപിക്കുന്നു. ആ ഉദ്ദേശങ്ങൾ പിന്നീട് പ്രാവർത്തികമാകുന്നു. പ്രാവർത്തികമായി ക്കഴിഞ്ഞാൽ, അവ ഒഴിച്ചുകൂടാത്ത സമ്പ്രദായമായി പരിണമി ക്കുന്നു. കഠിനമായ സൂക്ഷ്‌മത പാലിച്ചാലും പിന്നീടവ മാറ്റി ക്കളയുവാൻ ഏറെ ക്ലേശിക്കേണ്ടിവരും. പ്രഥമമായി മനസ്സിനെ സംസ്കരിച്ചാൽ മാത്രമെ ദുഷ് ചെയ്ത‌ികളിൽ നിന്നും രക്ഷപ്പെടുകയുള്ളു.
മനുഷ്യൻ നന്നായിത്തീരണമെങ്കിൽ, സർവ്വ പ്രധാനമായി മനസ്സും ചിന്തയും സംസ്‌കരിക്കേണ്ടതുണ്ട്. അവ ദുഷിക്കുകയാണെങ്കിൽ ജീവിതം മുഴുവൻ തുലഞ്ഞതുതന്നെ. മനസ്സ് തെളിഞ്ഞതാകണമെങ്കിൽ സർവ്വഥാ അതിൻ്റെ ഉപജ്ഞാതാവിനോട് താദാത്മ്യം പുലർത്തേണ്ടതുണ്ട്. അല്ലാഹുവിന്റെ തൃപ്‌തി സംജാതമായിത്തീരുന്ന മാർഗ്ഗങ്ങളിൽ അതിനെ തിരിച്ചുവിടണം എന്തുകൊണ്ടെന്നാൽ, ഗുണകരമായത് കണ്ടെത്തുന്നതും, സന്മാർഗ്ഗമവലംബിക്കുവാൻ കഴിയുന്നതുമെല്ലാം അല്ലാഹുവിന്റെ മഹത്തായ തൗഫീഖിൽ നിന്നുമാണ്, നേരെമറിച്ച് നാശങ്ങളും വഴികേടും സംഭവിക്കുന്നത് മനുഷ്യൻ്റെ ദുഷ്‌ചെയ്തികളുടെ അനന്തരഫലവുമാണത്രെ. ദുഷ്‌ചെയ്തികളും, സംശയങ്ങളും മനുഷ്യൻ്റെ ചിന്താ മണ്ഡ‌ലങ്ങളിൽ പതിക്കുന്നു തദ്വാരാ ഉളവാകുന്ന ചിന്തയാകട്ടെ, അവിടെ കിടന്ന് ദൃഢത പ്രാപിക്കുന്നു. പിന്നീടവ ഉദ്ദേശങ്ങളായി രൂപം പ്രാപിക്കുന്നു. ആ ഉദ്ദേശങ്ങളുടെ സന്ദേശം മനുഷ്യന്റെ അംഗങ്ങളിൽ ചെന്നുപതിക്കുന്നു. തുടർന്നവ, പ്രാവർത്തിക രൂപം പ്രാപിക്കുന്നു അങ്ങിനെയവ നിത്യമായ സമ്പ്രദായങ്ങളിൽ ഉൾപ്പെടുന്നു. ഇത്തരം പ്രവണതകൾ മുളയിൽ നിന്നുതന്നെ നശിപ്പിക്കുവാൻ ശ്രമിക്കണം വളർന്നുപന്തലിച്ചു കഴിഞ്ഞശേഷം ദുഷ്‌ചെയ്തികളാകുന്ന പാഴ്‌മരങ്ങൾ മുറിച്ചുനീക്കുവാൻ ക്ലേശങ്ങളേറെ സഹിക്കേണ്ടിവരും.
ദുഷിച്ച ചിന്തകൾ വരാതെ മനസ്സിനെ നിയന്ത്രിക്കുവാനോ, മനസ്സിൽ പതിക്കേണ്ടെന്ന് തീരുമാനിക്കുവാനോ മനുഷ്യന് സാധ്യമല്ല. മലവെള്ളത്തിൽ പലതും ഒഴുകിവരുന്നതുപോലെ, മനോമുകുരത്തിൽ പലതും ഉദിച്ചുകൊണ്ടിരിക്കും മർത്ത്യരിൽ ദു സൂചന നൽകുന്ന ഒരവസ്ഥ കുടികൊള്ളുന്നുണ്ട്. അതിനെ കടിഞ്ഞാണിട്ടു നിർത്താൻ ശക്തിയേറിയ ഈമാനും, അല്ലാഹുവിന്റെ തൃപ്‌തിക്കൊത്തു നീങ്ങുവാനുള്ള അചഞ്ചലമായ നിശ്ചയ ദാർഢ്യവും കൂടിയേ കഴിയൂ അല്ലാഹു വെറുക്കുന്നതും നിരോധിക്കുന്നതും വകതിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ ആ സുദൃഢ വിശ്വാസം മനുഷ്യനെ സഹായിക്കുന്നു. ദൃഢമായ ഈമാൻ എങ്ങനെ സാമ്പാധിക്കാം? ഈ കാലഘട്ടത്തിൽ അമലുകൾ ചെയ്യുവാൻ ആളുകൾ ഒരുപാടുണ്ട്. എന്നാൽ ഈമാൻ സാമ്പാധിക്കാനുള്ള മാർഗ്ഗം അധികമാളുകളും അന്വേഷിക്കുന്നില്ല. യാഥാർഥ്യമെന്തെന്നാൽ ഏതൊരു കാര്യം കൊണ്ടാണോ ഈ ഉമ്മത്തിലെ ആദ്യ കാലക്കാർ വിജയിച്ചത്, അതെ കാര്യം കൊണ്ടേ അവസാന കാലക്കാരും വിജയിക്കൂ. ഈമാൻ വർധിക്കാൻ പരമ പ്രധാനമായ കാര്യം സഹവാസമാണ്. തിരുനബി സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ സഹവാസത്തിലൂടെയാണ് സ്വഹാബത്ത്‌ അത് നേടിയത്. തിരുനബിക്കും സ്വഹാബത്തിനും ശേഷം അവരുടെ ചര്യ പിൻപറ്റുന്ന സച്ചരിതരായ പണ്ഡിതർ (മഹാൻമാരായ ആരിഫീങ്ങളായ ഔലിയാക്കളോട് ) സഹവസിക്കുക വഴിയേ ശരിയായ ഈമാൻ കരസ്ഥമാക്കാൻ സാധിക്കൂ. അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ