
ഉസ്മാൻ ബിൻ അഫ്‌ഫാൻ (റ) പ്രസ്‌താവിച്ചു: ‘ആരാധനകളുടെ മാധുര്യം നാല് കാര്യങ്ങളിൽ ഞാനാസ്വദിക്കുന്നു.
1. കടമകൾ (ഫർളുകൾ) കൃത്യനിഷ്ഠയോടു കൂടി നിർവ്വഹിക്കുമ്പോൾ.
2. അല്ലാഹു വിരോധിച്ചതെല്ലാം നിരുപാധികം വർജ്ജിക്കുമ്പോൾ.
3. അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ട് സദുപദേശം ചെയ്യുമ്പോൾ.
4. അവൻ്റെ കോപത്തിൽ നിന്നും മോചനം സിദ്ധിക്കുക എന്ന ലക്ഷ്യം മാത്രമവലംബിച്ചുകൊണ്ട് ദുഷ്‌ചെയ്‌തികളെ വർജ്ജിക്കുവാൻ വേണ്ടി ജനങ്ങളെ താക്കീത് ചെയ്യുമ്പോൾ.
വീണ്ടും അദ്ദേഹം ഉണർത്തി: നാല് കാര്യങ്ങളുണ്ട്. പ്രത്യക്ഷത്തിൽ അവ മഹത്വമുള്ളവയാണ്. എന്നാൽ ആന്തരീയമായി അവ നിർബന്ധ കാര്യങ്ങളാണ്.
1. സജ്ജനങ്ങളോട് കൂട്ടുചേരൽ മഹത്വമുള്ള കാര്യമാണ്. അവരെ പിൻപറ്റി ജീവിക്കൽ നിർബന്ധമാണ്.
2. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക പുണ്യമുള്ള കാര്യമാണ് എന്നാൽ ഖുർആനിക നിയമങ്ങൾക്കനുസരിച്ച് ജീവിക്കൽ അനിവാര്യമാണ്.
3. ഖബർ സന്ദർശനം പ്രതിഫലമുള്ളതാണ്. മരണാനന്തര ജീവിതത്തിന്ന് ഒരുക്കുകൂട്ടൽ നിർബന്ധവുമാണ്.
4. രോഗസന്ദർശനം പുണ്യം സിദ്ധിക്കുന്ന കാര്യമാണ് എന്നാൽ ആസന്നമരണ നായ രോഗിയോട് വസിയ്യത്ത് ചെയ്യൽ ഒഴിച്ചുകൂടാത്തതുമാണ്.