
———————————————————————–
മൂസാ നബി (അ) ഈജിപ്തിൽ നിന്നും എല്ലാം ഉപേക്ഷിച്ചു മദ്യൻ എന്ന ദേശത്തേക്ക് പാലായണം ചെയ്തപ്പോൾ അദ്ദേഹത്തിനു വീടോ ജോലിയോ ഭാര്യയോ ഇല്ലായിരുന്നു. പരിപൂർണ്ണമായ ആ ദാരിദ്ര്യാവസ്ഥയിൽ അദ്ദേഹം ഒരു സൽകർമ്മം ചെയ്തു കൊണ്ട് പ്രതീക്ഷയോടെ ആകാശത്തേക്ക് കൈകൾ ഉയർത്തി കൊണ്ട് അല്ലാഹുവിനോട് ഇങ്ങനെ ദുആ ചെയ്തു :
‘
എൻ്റെ രക്ഷിതാവേ , നീ എനിക്ക് ഇറക്കിത്തരുന്ന ഏതൊരു നന്മക്കും ഞാൻ ആവശ്യക്കാരനാണ്.’
അന്ന് സൂര്യൻ അസ്തമിക്കും മുമ്പ് മൂസ (അ)മിനു വീടും,ജോലിയും, ഒരു സ്വാലിഹായ ഭാര്യയേയും അല്ലാഹു നൽകി.
നമ്മുടെ സാഹചര്യം എത്ര പ്രയാസകരമായാലും പരിഹാരം എത്ര അസാധ്യമായി തോന്നിയാലും അല്ലാഹു ഉദ്ദേശിച്ചാൽ നമ്മുടെ പ്രശ്നത്തിന്റെ പരിഹാരവും നമ്മുടെ റിസ്‌കും നമ്മിലേക്ക് എത്തിച്ചേരുക തന്നെ ചെയ്യും. ഇവിടെ ദുആക്ക് വലിയ പ്രസക്തിയുണ്ട്. ദുആ സ്വീകരിക്കപ്പെടാൻ ചില നിബന്ധനകളുണ്ട് എന്ന് മാത്രം. എന്നാൽ ഇന്ന് പലരും ആ വിഷയം തിരിച്ചറിയുന്നില്ല. അധികമാളുകളും അവർ അനുഭവിക്കുന്ന പരീക്ഷണങ്ങളിൽ പരാധി പറഞ്ഞു കൊണ്ട് നടക്കുന്നു. പിശാചിന്റെ പ്രവർത്തനം കാരണം ഹൃദയത്തിൽ നിരാശ ബാധിക്കുകയും പലപ്പോളും ആത്മാർത്ഥമായി അല്ലാഹുവിനോട് ദുആ ചെയ്യാൻ പോലും മറന്നുപോകുന്നു. അല്ലെങ്കിൽ ‘എന്റെ വിഷയവും പ്രയാസവും എല്ലാം അല്ലാഹു അറിയുന്നുണ്ട് ഞാൻ ദുആ ചെയ്തിട്ട് കാര്യമില്ല. മുമ്പ് കുറേ ദുആ ചെയ്തതാണ്, ഉത്തരം ലഭിക്കുന്നില്ല. പാപിയായ എന്റെ ദുആ അല്ലാഹു സ്വീകരിക്കുകയില്ല’ എന്നിങ്ങനെയുള്ള ദുർബോധനങ്ങൾ പിശാച് മനുഷ്യ ഹൃദയത്തിൽ ഇട്ട് കൊണ്ടേയിരിക്കും. ഇനി അതവാ നിസ്കാര ശേഷമോ മറ്റോ ദുആ ചെയ്താൽ തന്നെ വളരെ പ്രതീക്ഷയറ്റ അവസ്ഥയിലോ അലസതയോടെയോ ദുആ ചെയ്യുന്നു. മുൻപ് ജീവിതത്തിൽ ചെയ്ത പല ദുആകൾക്കും ഉത്തരം ലഭിച്ചിട്ടില്ല എന്ന ഓർമ്മയോ ബോധമോ പിശാച് ആ സമയം ഹൃദയത്തിൽ ഇട്ട് കൊടുക്കുന്നതിനാൽ ആ ദുആയുടെ ജീവനറ്റ് പോവുകയും അത് സ്വീകരിക്കപ്പെടാതെ പോവുകയും ചെയ്യും. പ്രതീക്ഷയോടും ഹൃദയ സാന്നിധ്യത്തോടുമായിരിക്കണം ദുആ ചെയ്യേണ്ടത് . ദുആക്ക് ശേഷം പരിപൂർണ്ണമായി ആ വിഷയം അല്ലാഹുവിനെ ഏല്പിച്ചതിനാൽ അത് പരിഹരിക്കപ്പെട്ടു എന്ന് അവസ്ഥ ഹൃദയത്തിൽ വരണം. പിന്നീട് ആ ഭാരം ഹൃദയത്തിൽ ഉണ്ടാവാൻ പാടില്ല. ദുആയുടെ തുടക്കത്തിൽ തന്നെ അല്ലാഹുവിലുള്ള പ്രതീക്ഷയും ഭരമേൽപ്പിക്കലുമുണ്ടായാൽ ദുആക്ക് ശേഷവും ഇത് തുടരും.
ഈ ഹദീസ് നോക്കുക,
عَنْ أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم : ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالإِجَابَةِ وَاعْلَمُوا أَنَّ اللَّهَ لاَ يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لاَهٍ
അബൂഹുറൈറ (റ)വിൽ നിന്ന് നിവേദനം: തിരു നബി സ്വല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു: “ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ളവരായികൊണ്ട് നിങ്ങള് അല്ലാഹുവിനോട് ദുആ ചെയ്യുക. അറിയുക, അല്ലാഹു അലസവും അശ്രദ്ധവുമായ ഹൃദയത്തില് നിന്നുള്ള ദുആക്ക് ഉത്തരം നല്കുകയില്ല.” (തി൪മിദി )
ദുആക്ക് ഉത്തരം ലഭിക്കാൻ വേണ്ടി ഏകാഗ്രതയും സമയത്തിന്റെ ബറകത്തും കൂടുതൽ ലഭിക്കുന്ന തഹജ്ജുദിന്റെ സമയം തിരഞ്ഞെടുക്കാം. അല്ലെങ്കിൽ സ്വലാത്ത് പോലുള്ള സൽകർമങ്ങൾ വർധിപിച്ചു കൊണ്ട് അതിനെ വസീലയാക്കികൊണ്ട് ദുആ ചെയ്യാം. അത്പോലെ ആരിഫീങ്ങളുടെ സദസ്സുകൾ, ഇൽമിന്റെയും ദിക്രിന്റെയും സദസ്സുകളിൽ ദുആക്ക് ഉത്തരം ലഭിക്കും. അല്ലാഹുവിലേക്ക് പ്രതീക്ഷയോടെ മുന്നിടുവാനും അവന്റ പ്രത്യേകക്കാരായ മുഖറബീങ്ങളുടെ സദസ്സിൽ പങ്കെടുത്ത് ഇരുലോകത്തും വിജയി ആയിത്തീരാനും അല്ലാഹു തൗഫീഖ് നൽകട്ടെ. ആമീൻ
~ Shahzad Sharafi